ബാധകൂടിയ വെയ്യുന്നേരം
മണ്ണെണ്ണ മണക്കണ തുടയില്
വെളക്ക്ത്തിരി സാവധാനം ചുരുട്ടിയെടുക്കേരുന്നു അമ്മച്ചി.
പരസ്പരം മുഖം കാണാൻ വെട്ടം ഉള്ളപ്പോ
'കൂടല്' ഉണ്ടാവില്ലെന്നാണ് വയ്പ്.
പക്ഷെ അന്നങ്ങനെ ഉണ്ടായി.
പേയ്ക്കില്ലാത്ത നിയമം കൂടിയതിനും വേണ്ട.
അമ്മച്ചി, എരിഞ്ഞു തീരാത്ത കനലിലേക്ക്
കാലും നീട്ടി ഒറ്റ ഇരിപ്പ്,
പിന്നെ,
ശബ്ദം ഏറ്റി, പേപറഞ്ഞ് തുടങ്ങി.
യുദ്ധം വന്നപ്പോ തുണിയും, എണ്ണയും സർക്കാർ
റേഷൻ തന്നതും,
അപ്പൻ നാടുവിട്ടപ്പോ പറങ്കി മാവിൽ തൂങ്ങാൻ കേറിയതും വരെ
എണ്ണിയെണ്ണി പറഞ്ഞ്.
"കാല് കത്തണില്ല" എനിക്കത്ഭുതം.
വെറക് കൊള്ളിപോലെ മെലിഞ്ഞ് എല്ലുന്തിയ
കാലുകൾ അടുപ്പത്തിരുന്നു കായുന്നു.
"കുന്നത്തമ്മച്ചിക്ക് വീണ്ടും പേ കൂടി"
നാലുവാക്കീന്നും ആൾക്കാരോടിക്കൂടി
കിതപ്പിന്റെ ഒച്ചയിൽ മിറ്റം മുങ്ങി.
"ആണുങ്ങളില്ലാത്ത വീടായോണ്ടാണ്"
അമ്മ അവരെ ഒറ്റനോട്ടം നോക്കി .
"നാണു ദൈവങ്ങളെ ചോദിക്കണ്"
"മരിച്ചോരു വന്നിനി കരിക്കോതി കൊടുക്കോ"*, അമ്മ കരഞ്ഞു.
എങ്കിലും നാലഞ്ചാള് തെങ്ങിലേക്ക് കയറി.
"വെച്ചേക്കണ മരച്ചീനി പന്നി കുത്തിപോവാതെ കിട്ടുവോ"
"അടുത്ത കുറി എന്റെ എളേദിന് വീഴോ"?
ബാധയെ കൊണ്ട് ആൾകാർക്കോരോ കാര്യമുണ്ടായി.
തഞ്ചത്തിൽ, കനലിൽ കിടന്ന കാലിനു നൊന്തു.
ദാഹം മാറ്റി, തേനും പുരട്ടി, അമ്മച്ചിയെ പായിൽ കിടത്തി.
നാട്ടുകാർ പിരിഞ്ഞു പോയിട്ടേ ഞങ്ങളന്ന് കഞ്ഞി വെച്ചുള്ളു.
പിറ്റേന്ന് ഉറങ്ങി എണീറ്റ്,
കാലിൽ കുറച്ച് വെളിച്ചെണ്ണ തേച്ചിട്ട്
അമ്മച്ചി ചന്തേല് പോയി.
"കരിക്ക് കൊടുത്താ ചൂര കിട്യാലാടീ"
*തീരാവ്യാധി വന്നാൽ ശ്രീനാരായണ ഗുരുവിനെ കാണാൻ പോകുമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഗുരു കരിക്കിൻ വെള്ളം കൊടുത്താൽ മാറാത്ത വ്യാധിയില്ലെന്ന് അവർ വിശ്വസിച്ചു പോന്നിരുന്നു.