Saturday, July 26, 2025

 ഏറ്റവും സ്വകാര്യമായ ഭാവനയിൽ 

മനുഷ്യർ ഒറ്റയ്ക്കാവുന്നത് 

അതിൽ വിശദീകരണക്ഷമമായി 

ഒന്നുംതന്നെയില്ല എന്നതുകൊണ്ടാണ്.

Monday, July 21, 2025

ചുമ്മാട്


പണികഴിഞ്ഞ് പതിവുപോലെ അമ്മ വെപ്രാളത്തിൽ നടന്നു.

"പുള്ളറ് വീട്ടില് കാത്തിരിക്കും"

കണ്ടോരോടൊക്കെ ഇങ്ങനെയും പറഞ്ഞിട്ട് .

മുറ്റം കടന്നാലുടനേ 

അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയ കട്ടിയിലുള്ള  പ്ലാസ്റ്റിക് കവറിൽനിന്നു 

ചുമ്മാടെടുത്ത് സ്ഥിരം സ്ഥലത്ത് ഒതുക്കി വെക്കും.

അവർക്ക് ആ വസ്തു പ്രധാനപെട്ടതാണ്.

മഴ കൊള്ളാതെ, ആരും എടുത്തുമാറ്റാൻ സാധ്യതയില്ലാത്തിടത്ത് 

ഏറ്റോം സൂക്ഷത്തിൽ അതുണ്ടാവും.

നേരെ കിണറ്റിൻകരയിൽ പോയി 

അഴുക്കടിഞ്ഞ ചീപ്പുകൊണ്ട് ഉച്ചിയിലെ മണ്ണൊക്കെ കോതി,

കുളിച്ചുവന്ന് പാത്രം മെഴുക്കി,

തുണിയുണ്ടേ അതും അലക്കിയമ്മ 

തറേo തൂത്ത്, അടുക്കളേക്കേറും.

എറേത്തിരുന്നു എനിക്ക് കാണാം.

ചോമടെടുത്ത് മുതുക് കൂനി 

കഴുത്ത്‌ മുന്നോട്ടു തള്ളി 

ഒറ്റയ്കവിടെ അടുപ്പിന്റടുത്തൊരു നിപ്പുണ്ട്.

ഇടത്തേ കൈ കൊറച്ചു ചാഞ്ഞിട്ടാണ്.

ആരോടെന്നില്ലാതെ എല്ലാരോടും അമ്മ പറഞ്ഞു നടക്കും  

"എറക്കി വച്ചാലും, ചുമ്മാടുള്ളപോലാണ്,

ഒരു കനം"

പെണ്ണ്ങ്ങള് കൂടിയിരിക്കുമ്പോ കളിയാക്കിപ്പറയും 

"ചത്തിറ്റ് വന്നാലും ഇവളെ തലേല് ചുമ്മാട് കാണും".

കാര്യമാണ്, ഉണ്ടാരുന്നു.


 "തമ്പുരാന് പാളിപ്പോയതാണ്.

അരണയില്ലേ,

അതാവേണ്ടിയിരുന്നതാണ്.

മാറിപ്പോയി മൊത്തം".

അമ്മച്ചി എപ്പഴും പറയും.

ആരണേടെ ഓർമ്മയാണ് എനിക്കെന്ന്.  

അതാണ് കാര്യം.

ഞാനൊക്കെ മറന്നു പോകുന്നതിന്റെ കൃത്യതയിലാണ് 

അവരത് ആവർത്തിച്ചു പോന്നത്.

നേരമ്പോക്കല്ല,

എന്നെ നോക്കുമ്പോഴേ വായ തുറക്കാതേതന്നെ 

കണ്ണനക്കികൊണ്ട് അമ്മച്ചി പറയുന്നത് അറിയാം 

"അരണത്തല".

മറവിക്കിടെ പതുങ്ങി ജീവിച്ചുപോകുന്നപോലായിരുന്നു എനിക്ക്. 

വേഗത്തിൽ പിടയ്‌ക്കുന്നൊരു വാലുണ്ടാക്കുന്ന മണൽവരയിൽ 

ബുദ്ധിക്കിടംകിട്ടാൻ ഇഴഞ്ഞെന്റെ 

നെഞ്ചാകെ പോറി കിടപ്പുണ്ട്.



ഒരു തിരക്കിനിടയിൽ ഓരത്തു 

നിർത്തിപ്പോയ കുഞ്ഞിൻറെ വിചാരങ്ങൾ പോലെ തോന്നും

ഓർത്തെടുക്കാനുള്ള ശ്രമം.

വാങ്ങാനുള്ള സാധനകളുടെ ലിസ്റ്റ് മുറുകെപ്പിടിച്ചു കൈ കഴച്ചു.

പേരുകളൊക്കെ മാറിപ്പോകും.

സമയത്തെത്താറില്ല.

എന്താണ് മറന്നതെന്നാലോചിച്ചെപ്പോഴും  നെഞ്ചിടിക്കും.

എവിടേക്ക് ഇറങ്ങിയാലും രണ്ടാമതൊന്നുകൂടി എല്ലാം എണ്ണിപ്പറഞ്ഞുതരും.

അമ്മച്ചി എന്നിറ്റെനിക്കൊരുമ്മയും തരും. 

ഓർത്തിരിക്കാൻ.


ഒരു താളത്തിൽ,

വരയും വിഴുവിഴുപ്പുമുള്ള 

ആ ചെറിയ ജന്തുവിനെപ്പറ്റി ഞാനും വളർന്നു.

അമ്മച്ചിക്ക് അറിയിപ്പില്ലാതെ ഒരു ദിവസം ഓർമകെട്ടു,

പിന്നീട് മരിച്ചു.

കരയാനൊക്കാതെ ചടഞ്ഞിരുന്നപ്പോ 

ഒരുമിച്ചുണ്ടായ ഏറ്റവും നല്ല സമയം ചികഞ്ഞു ഞാൻ പണിപ്പെട്ടു.

അത് കിട്ടിയാൽ കരച്ചിലെളുപ്പമാണല്ലോ.

"അരണത്തല".

എനിക്ക് വ്യക്തമായി കേക്കാരുന്നു.

പിന്നിം ചിറിതുടച്ചമ്മച്ചി പറയും;

"ഓർമകെട്ടാ പുത്തൻപണം വന്നോരപ്പോലേണ്

ഗതിപിടിച്ചാലും ചീയും"

Tuesday, April 15, 2025


അടുത്തെങ്ങും ഇല്ലാത്തവരുടെ വ്യസന പുലമ്പലിൽ മൂടിപ്പോയ ഒരു കിണർ.

ഒരു കുട്ടിയുടെ കണ്ടുപിടിക്കപ്പെട്ട ഒളിയിടം പോലത്  പരസ്യപ്പെടുത്തപ്പെട്ടു.

ദൈന്യം അതിന്റെ കോളാമ്പി കാതുകളെ വിടർത്തിപ്പിടിച്ച ശേഷം 

വിങ്ങലിന്റെ ഒരു നീറിപ്പിനെ അടുപ്പിച്ചു കോരി.

നില അതിലേക്ക് എത്തിനോക്കിയവരെയാകെ 

പ്രതിബിംബത്തിന്റെ സത്യത്തിലേക്ക് അരക്ക് ചേർത്തു.

ഇതൊരു അരസികയായ ഒരാളുടെ ചിന്തകളെന്നിരിക്കെ,

അതാകെപ്പാടേ ചിത്രഘടനകൊണ്ട് വലിച്ചു കെട്ടിയിരിക്കുന്നു.

ആലോചനകളെ  ചാരം കെട്ടി, ഉപമ നിവർത്തി നിർത്തി.


ഒരിടർച്ചയെ പകർത്താൻ തയ്യാറായിട്ടാണ് അയാളെന്റെ മുന്നിലുള്ളത്. 

വേറാർക്കും ദഹിക്കാത്ത, അനവസരമെന്നു തോന്നുന്ന ശകലങ്ങളായി 

അയാളുടെ ബുദ്ധി പൊടിഞ്ഞു പൊടിഞ്ഞു തീര്ന്നു.

ഞാനതിൽ സന്തോഷിക്കുന്നില്ലെന്നു പാടേ പറയാനൊക്കില്ല.

എന്നാൽ അതിനുണ്ടാവാൻ പാടില്ലാത്ത തുടർച്ചയ്ക് ഞാൻ പ്രാർത്ഥിച്ചു.

ചുറ്റുമുള്ള ചെറിയ ശബ്ദങ്ങൾ പോലും ആരവങ്ങളായി എന്നെ ഉഷ്ണിപ്പിച്ചു.


സ്വപ്ന ശാസ്ത്രത്തിൽ യുക്തിയുണ്ടെന്ന് ഉറപ്പിച്ചിരുന്നെങ്കിലും 

അയാൾക്ക് ആ ഭാരമേറിയ നിമിഷത്തെ പൊട്ടുസ്വപ്നമായി തന്നെ തോന്നി.

ആ പിടുത്തംവിട്ട ചിന്ത, ധൈര്യത്തിന്റെ ഒരു ക്ഷണം നൽകിയപോലെ.

ഒരു നീണ്ടതോ, അവസാനത്തെയോ ഒക്കെയായ വഴക്കിലേക്ക് 

അവർക്ക് അധിക സമയമിനിയില്ല.

അവരലസമായിരുന്ന ഉച്ചനേരങ്ങളിലേക്ക് 

ക്ഷണികമല്ലാത്ത മടുപ്പ് തിരിച്ചൊഴുകിത്തുടങ്ങി.

കയ്ച്ചിട്ടത് തികട്ടി.

ഇടനിലങ്ങളിലേക്ക് പേടി പരക്കുന്നപോലെ,

വീട്ടുപകരങ്ങളിലേക്ക് വെറുപ്പ് കടന്നു.

മൂടിവെക്കാതത് മലർന്നു കിടന്നു. 


പിറ്റേന്ന് പുലർച്ചെ 

കാറ്റ് കടക്കാത്ത ആ കെട്ടിടത്തിൽ അപരിചതരായ 

ആളുകളെപോലെ അവർ പെരുമാറിത്തുടങ്ങി.

പൊരുത്തത്തിൽ.

കൃത്യം.

ദാക്ഷണ്യമില്ലാതെ പരസ്പരം വേദനിപ്പിച്ചു.

ഒരാൾക്ക് മാത്രം വേണ്ട ആഹാരം പല സമയങ്ങളിൽ ഉണ്ടാക്കിത്തുടങ്ങി.

നൊന്തിടത്തൊക്കെ കല്ലിച്ചു,

എന്തറിയാം,

രണ്ടുപേർ.

രണ്ടാലോചനകൾ.

സമയക്കണക്കിൽ സ്വയ്‌ര്യത്തിൻറെ ശിഷ്ടം .