ബാല്കണിയിൽ ഒരു വൈകുന്നേരമിരുന്നു പട്ടം പറത്തുന്നത് കാണുന്നൊരാൾക് എന്ത് സംഭവിക്കാനാണ്?
വ്യസനത്തിന്റെ പതനങ്ങളുണ്ടായേക്കാം.
മറവിയെപ്പറ്റി ചെറിയ ആശങ്കകളോ,
അധിക സമയം നീണ്ടുനിൽക്കാത്ത സ്വസ്ഥതയോ തോന്നിയേകാം.
അടുത്തല്ലാത്ത ഒരു കാഴ്ച.
വലിയ ക്യാൻവാസിലുള്ള അതിന്റെ അടക്കത്തിൽ
അനാഥപെട്ടുപോകുന്ന കാഴ്ചക്കാരി.
ഓർക്കുകയായിരിക്കണം.
എന്തിനെ പറ്റിയെന്നു വ്യക്തമല്ലാത്തതിൽ
വ്യാഖ്യാനിക്കാൻ വിസമ്മതിച്ച്
കുതിർന്നിട്ട്, വേച്ചും, അറച്ചും, ആകേ തളർന്നും.
അതിനും മുഷിപ്പുണ്ടായി, പതിവിൽ.
തോർത്തിയിട്ടിരിക്കുന്ന ഉടുപ്പുകൾക്കടുത്ത്
ഈർപ്പത്തിന്റെ പൊത.
അമ്മച്ചിക് കെടക്കപ്പുണ്ണ് വന്നതും
അറിയിപ്പില്ലാതെ എൻെറ പൂച്ച ചത്തതും
കളഞ്ഞു പോയ ആദ്യത്തെ സ്വർണത്തിന്റെ പൊട്ടു മൂക്കുത്തിയും
നിരന്നു.
നടുമ്പുറം കനച്ച് ഞാൻ ചാഞ്ഞിരുന്നു.
താഴെ പാതയെ മറക്കുമാറ് കുട്ടികൾ പൊടി പരത്തിയോടുന്നു.
അങ്ങേയറ്റം ബഹളത്തിന്റെ പൊന്തയിൽ ആളുകൾ പ്രാർത്ഥിച്ചു നീങ്ങുന്നു.
അനിഷ്ടത്തിന്റെ ഉച്ചിയിൽ എനിക്ക് ആ നഗരത്തെയാകെ എച്ചില് മണത്തു.
തൊങ്ങികിടക്കുന്ന പട്ടത്തിന്റെ കീഴെ കുട്ടികൾ നിരാശരായി നിക്കുന്നു.
ശേഷം അവസാനത്തെ വെട്ടവും പോയി.