Friday, April 5, 2024

ഒരു പൂച്ച വെയില് കായുന്നത് സ്വപനം കണ്ട് 

ഞെരുക്കമുള്ള മുറിയിൽ 

വൃദ്ധൻ കിടന്നു;

അർത്ഥവിരാമം പോലെ 

കട്ടിലിലേക്ക് പതിഞ്ഞ്.

അയാളുണർന്നു; വേഗത്തിലല്ലാതെ തന്നെ.

ഒന്നുകൂടി കണ്ണടച്ചു.

അപ്പോഴും പൂച്ച വെയില് കായുന്നു!

സാവധാനം, സ്വന്തമായൊരു ലോകമുണ്ടാക്കുന്നപോലെ 

ആ ജന്തു, പ്രകാശത്തിനു നേരെ മുഖമുയർത്തി കണ്ണുകളടച്ച്  കിടക്കുന്നു;

ഭാരമില്ലാതെ.

അതങ്ങനെ 

അങ്ങനെ 

തുടർന്നു.

ഗുളികക്കുപ്പികൾ നിരയായി അടുക്കിവെച്ചിട്ടുള്ള 

തടിമേശയിലേക്ക് നോക്കിയതൊഴിച്ചാൽ 

കാഴ്ചയിൽ മറ്റ് തടസങ്ങൾ ഉണ്ടായിട്ടില്ല.

എങ്കിലും,

ഉണർച്ചയിൽ, നീണ്ട് കിടക്കുന്ന വാലുമായി 

പൂച്ച അതേപടി.

വൃദ്ധന് ചിരിവന്നു.

തനിക്കുമുന്നേ 

ഒച്ച കെട്ടികിടക്കുന്ന ആ വീട്ടിൽ മറ്റാരെങ്കിലും 

കഴിഞ്ഞിരുന്നോ?

അരം പറ്റിയ നാക്കുകൊണ്ട് 

അതാ മനുഷ്യൻറെ അസ്ഥികളിൽ തണുപ്പുണ്ടാക്കി.


വെളുക്കുമ്പോഴും

മരുന്ന് കുപ്പികൾക്കും 

പൂച്ചകൾക്കുമിടയിൽ 

കൺപീലി നനഞ്ഞ്  കിടന്നു,

വൃദ്ധൻ.

മൂന്നു നേർരേഖകൾ പോലെ.

No comments:

Post a Comment