Friday, November 22, 2024

 നട്ടുച്ചനേരത്തെ ഓർമിപ്പിച്ചുകൊണ്ട് അയാളെന്നെ കാത്തുനിക്കുന്നു.

ദാഹത്തിന്റെയും പൊടിയുടെയും നേരം.

വിശ്രമിക്കുന്ന മനുഷ്യരുടെ ആവിയാറിയ ഗന്ധം കടന്നാണ് ഞങ്ങൾ ഇരുന്നത്.

തിരക്ക് കുറഞ്ഞ റെയിൽവേ സ്റ്റേഷന് പുറകിലായി 

ഏറ്റവും പതിയെ കാറ്റുവീശുന്ന ഒരു വഴി.

നിർത്തിയിട്ടിരികുന്ന കാറിനു മേലേ കട്ടിയിൽ വീണുകിടക്കുന്ന 

വെള്ള പൂക്കൾ. 

നടക്കാനിറങ്ങിയവർ.

പന്തുകളിക്കുന്ന കുട്ടികൾ.


അലഞ്ഞു നടന്നയൊരാളെപ്പോലെ ആ നഗരം ഒട്ടുക്ക് 

അരികു കെട്ടാതെ കിടന്നു.

ഒതുക്കിപിടിക്കാതെ.

"ഒഴിവുണ്ടായോ"

എളുപ്പമല്ലാത്ത കാര്യത്തെപ്പറ്റി അതെന്നെയോർമ്മിപ്പിച്ചു.

ഒരേ വശത്തുകൂടി മാത്രം സഞ്ചരിക്കാൻ ശീലിച്ച ഒന്ന്.

അത് വാക്കുകളെ ഘടിപ്പിച്ചിരിക്കുന്ന മുഴുപ്പുകളാണ്.

-ഒഴിവ്-

മജ്ജയെ വറ്റിക്കുമാറത് പതഞ്ഞു.

കരുണയില്ലാതെ വാക്കുകൾക്കൊരു തിരിഞ്ഞുപോക്കുണ്ട്. 

വഴി ചോദിച്ചവരോടവ കൂടിത്തമാസമാക്കി.

ഒഴിവ്; 

അത് വന്നു വീണിടത്തുണ്ടാക്കിയ സുഷിരത്തിൽക്കൂടി 

പരമാവധിയിൽ  വീട്ടിലേക്ക് പാഞ്ഞൂ ഞാൻ.

വാക്ക് വീണിടത്ത് ഗർത്തങ്ങളുണ്ടാകുക, 

അതിലേ  മടങ്ങിപ്പോവുക.

നിശേഷം അന്നേ ദിവസത്തിനൊരു ബുക്ക് മാർക് ഉണ്ടായിക്കഴിഞ്ഞു.

ദാക്ഷണ്യമില്ലാതെ വിരുന്നുകാരനെ  മടക്കി 

ഒഴിവിന്റെ പട്ടിക വലുതാക്കി.

ഒരാൾക്ക് കടന്നുപോകാൻ ഏറ്റവും വശം  ചേർന്ന് 

എപ്പോഴെങ്കിലുമൊക്കെ നിന്നിട്ടില്ലേ?

അതുപോലെ മാറികൊടുത്തിട്ടാണ് വാക്കിനു ദിശയുണ്ടാവുക. 

വീട്ടിലെത്തിയപ്പോഴെക്കെയും വൈകി. 

ആയാസമുള്ളൊരു പണി ചെയ്തപോലെ കിടക്കയിലേക്ക്.

നാളെ ഞായറാഴ്ച.


No comments:

Post a Comment