Monday, July 21, 2025

 "തമ്പുരാന് പാളിപ്പോയതാണ്.

അരണയില്ലേ,

അതാവേണ്ടിയിരുന്നതാണ്.

മാറിപ്പോയി മൊത്തം".

അമ്മച്ചി എപ്പഴും പറയും.

ആരണേടെ ഓർമ്മയാണ് എനിക്കെന്ന്.  

അതാണ് കാര്യം.

ഞാനൊക്കെ മറന്നു പോകുന്നതിന്റെ കൃത്യതയിലാണ് 

അവരത് ആവർത്തിച്ചു പോന്നത്.

നേരമ്പോക്കല്ല,

എന്നെ നോക്കുമ്പോഴേ വായ തുറക്കാതേതന്നെ 

കണ്ണനക്കികൊണ്ട് അമ്മച്ചി പറയുന്നത് അറിയാം 

"അരണത്തല".

മറവിക്കിടെ പതുങ്ങി ജീവിച്ചുപോകുന്നപോലായിരുന്നു എനിക്ക്. 

വേഗത്തിൽ പിടയ്‌ക്കുന്നൊരു വാലുണ്ടാക്കുന്ന മണൽവരയിൽ 

ബുദ്ധിക്കിടംകിട്ടാൻ ഇഴഞ്ഞെന്റെ 

നെഞ്ചാകെ പോറി കിടപ്പുണ്ട്.



ഒരു തിരക്കിനിടയിൽ ഓരത്തു 

നിർത്തിപ്പോയ കുഞ്ഞിൻറെ വിചാരങ്ങൾ പോലെ തോന്നും

ഓർത്തെടുക്കാനുള്ള ശ്രമം.

വാങ്ങാനുള്ള സാധനകളുടെ ലിസ്റ്റ് മുറുകെപ്പിടിച്ചു കൈ കഴച്ചു.

പേരുകളൊക്കെ മാറിപ്പോകും.

സമയത്തെത്താറില്ല.

എന്താണ് മറന്നതെന്നാലോചിച്ചെപ്പോഴും  നെഞ്ചിടിക്കും.

എവിടേക്ക് ഇറങ്ങിയാലും രണ്ടാമതൊന്നുകൂടി എല്ലാം എണ്ണിപ്പറഞ്ഞുതരും.

അമ്മച്ചി എന്നിറ്റെനിക്കൊരുമ്മയും തരും. 

ഓർത്തിരിക്കാൻ.


ഒരു താളത്തിൽ,

വരയും വിഴുവിഴുപ്പുമുള്ള 

ആ ചെറിയ ജന്തുവിനെപ്പറ്റി ഞാനും വളർന്നു.

അമ്മച്ചിക്ക് അറിയിപ്പില്ലാതെ ഒരു ദിവസം ഓർമകെട്ടു,

പിന്നീട് മരിച്ചു.

കരയാനൊക്കാതെ ചടഞ്ഞിരുന്നപ്പോ 

ഒരുമിച്ചുണ്ടായ ഏറ്റവും നല്ല സമയം ചികഞ്ഞു ഞാൻ പണിപ്പെട്ടു.

അത് കിട്ടിയാൽ കരച്ചിലെളുപ്പമാണല്ലോ.

"അരണത്തല".

എനിക്ക് വ്യക്തമായി കേക്കാരുന്നു.

പിന്നിം ചിറിതുടച്ചമ്മച്ചി പറയും;

"ഓർമകെട്ടാ പുത്തൻപണം വന്നോരപ്പോലേണ്

ഗതിപിടിച്ചാലും ചീയും"

No comments:

Post a Comment