ഒരു പൂച്ച വെയില് കായുന്നത് സ്വപനം കണ്ട്
ഞെരുക്കമുള്ള മുറിയിൽ
വൃദ്ധൻ കിടന്നു;
അർത്ഥവിരാമം പോലെ
കട്ടിലിലേക്ക് പതിഞ്ഞ്.
അയാളുണർന്നു; വേഗത്തിലല്ലാതെ തന്നെ.
ഒന്നുകൂടി കണ്ണടച്ചു.
അപ്പോഴും പൂച്ച വെയില് കായുന്നു!
സാവധാനം, സ്വന്തമായൊരു ലോകമുണ്ടാക്കുന്നപോലെ
ആ ജന്തു, പ്രകാശത്തിനു നേരെ മുഖമുയർത്തി കണ്ണുകളടച്ച് കിടക്കുന്നു;
ഭാരമില്ലാതെ.
അതങ്ങനെ
അങ്ങനെ
തുടർന്നു.
ഗുളികക്കുപ്പികൾ നിരയായി അടുക്കിവെച്ചിട്ടുള്ള
തടിമേശയിലേക്ക് നോക്കിയതൊഴിച്ചാൽ
കാഴ്ചയിൽ മറ്റ് തടസങ്ങൾ ഉണ്ടായിട്ടില്ല.
എങ്കിലും,
ഉണർച്ചയിൽ, നീണ്ട് കിടക്കുന്ന വാലുമായി
പൂച്ച അതേപടി.
വൃദ്ധന് ചിരിവന്നു.
തനിക്കുമുന്നേ
ഒച്ച കെട്ടികിടക്കുന്ന ആ വീട്ടിൽ മറ്റാരെങ്കിലും
കഴിഞ്ഞിരുന്നോ?
അരം പറ്റിയ നാക്കുകൊണ്ട്
അതാ മനുഷ്യൻറെ അസ്ഥികളിൽ തണുപ്പുണ്ടാക്കി.
വെളുക്കുമ്പോഴും
മരുന്ന് കുപ്പികൾക്കും
പൂച്ചകൾക്കുമിടയിൽ
കൺപീലി നനഞ്ഞ് കിടന്നു,
വൃദ്ധൻ.
മൂന്നു നേർരേഖകൾ പോലെ.