Friday, November 22, 2024

 നട്ടുച്ചനേരത്തെ ഓർമിപ്പിച്ചുകൊണ്ട് അയാളെന്നെ കാത്തുനിക്കുന്നു.

ദാഹത്തിന്റെയും പൊടിയുടെയും നേരം.

വിശ്രമിക്കുന്ന മനുഷ്യരുടെ ആവിയാറിയ ഗന്ധം കടന്നാണ് ഞങ്ങൾ ഇരുന്നത്.

തിരക്ക് കുറഞ്ഞ റെയിൽവേ സ്റ്റേഷന് പുറകിലായി 

ഏറ്റവും പതിയെ കാറ്റുവീശുന്ന ഒരു വഴി.

നിർത്തിയിട്ടിരികുന്ന കാറിനു മേലേ കട്ടിയിൽ വീണുകിടക്കുന്ന 

വെള്ള പൂക്കൾ. 

നടക്കാനിറങ്ങിയവർ.

പന്തുകളിക്കുന്ന കുട്ടികൾ.


അലഞ്ഞു നടന്നയൊരാളെപ്പോലെ ആ നഗരം ഒട്ടുക്ക് 

അരികു കെട്ടാതെ കിടന്നു.

ഒതുക്കിപിടിക്കാതെ.

"ഒഴിവുണ്ടായോ"

എളുപ്പമല്ലാത്ത കാര്യത്തെപ്പറ്റി അതെന്നെയോർമ്മിപ്പിച്ചു.

ഒരേ വശത്തുകൂടി മാത്രം സഞ്ചരിക്കാൻ ശീലിച്ച ഒന്ന്.

അത് വാക്കുകളെ ഘടിപ്പിച്ചിരിക്കുന്ന മുഴുപ്പുകളാണ്.

-ഒഴിവ്-

മജ്ജയെ വറ്റിക്കുമാറത് പതഞ്ഞു.

കരുണയില്ലാതെ വാക്കുകൾക്കൊരു തിരിഞ്ഞുപോക്കുണ്ട്. 

വഴി ചോദിച്ചവരോടവ കൂടിത്തമാസമാക്കി.

ഒഴിവ്; 

അത് വന്നു വീണിടത്തുണ്ടാക്കിയ സുഷിരത്തിൽക്കൂടി 

പരമാവധിയിൽ  വീട്ടിലേക്ക് പാഞ്ഞൂ ഞാൻ.

വാക്ക് വീണിടത്ത് ഗർത്തങ്ങളുണ്ടാകുക, 

അതിലേ  മടങ്ങിപ്പോവുക.

നിശേഷം അന്നേ ദിവസത്തിനൊരു ബുക്ക് മാർക് ഉണ്ടായിക്കഴിഞ്ഞു.

ദാക്ഷണ്യമില്ലാതെ വിരുന്നുകാരനെ  മടക്കി 

ഒഴിവിന്റെ പട്ടിക വലുതാക്കി.

ഒരാൾക്ക് കടന്നുപോകാൻ ഏറ്റവും വശം  ചേർന്ന് 

എപ്പോഴെങ്കിലുമൊക്കെ നിന്നിട്ടില്ലേ?

അതുപോലെ മാറികൊടുത്തിട്ടാണ് വാക്കിനു ദിശയുണ്ടാവുക. 

വീട്ടിലെത്തിയപ്പോഴെക്കെയും വൈകി. 

ആയാസമുള്ളൊരു പണി ചെയ്തപോലെ കിടക്കയിലേക്ക്.

നാളെ ഞായറാഴ്ച.


Thursday, October 17, 2024

 

20.3.2023

ഇടയ്ക് വെച്ച് ഒരാളെ കാണാതായപ്പോഴാണ് ഞാൻ നടത്തം നിർത്തിയത്.

നിന്നതും, പിടിച്ചു തള്ളിയപോലെ 

ഞാനാ നഷ്ടത്തിൽ നിന്ന് വേർപെട്ടു.

ഈ രണ്ടു സംഭവങ്ങൾക്കല്ല;

അതിനിടയിൽ നിശ്ചയിക്കപ്പെട്ട 

ദൈർഖ്യക്കുറവിൽ എനിക്ക് പനിച്ചു.

10.10.2022

എല്ലാ കൂട്ടുകാരും മഴവില്ല് കണ്ടദിവസം 

ഞാൻ പനിച്ചു കിടക്കേരുന്നു.

തണുപ്പിൽ, മൂത്രം മുട്ടി, അമ്മയേം കാത്ത്.

വിശപ്പും ചൊവയും അറിയാതെ.

പുറത്ത്,

മഴവില്ലുകണ്ട കുട്ടികൾ 

പിറ്റേന്ന് ഒറ്റ സംഘമായി: 

അതിൽ ഹാജര്കിട്ടാതെ  ഓരത്തൊറ്റയ്ക്. 

നെറമുള്ള ആകാശത്തിന്റെ കഷ്ണം കാണാൻ 

എപ്പോഴും തരമില്ലെന്നെനിക്കറിയാം.

പനിക്കോള് തുടങ്ങുമ്പോ എവിടെയായാലും

കഴുത്തും പൊന്തിച്ച് വെട്ടമുള്ള ദിശയിലേക്ക് ഞാനായും.

ചൂടുള്ള ദേഹത്തിനും കാണാൻ പറ്റാത്ത കാഴ്ചയ്ക്കും ഇടയ്ക് 

വില്ലുപോലെ വളഞ്ഞിട്ട് ഒരു കുഞ്ഞ്.

29.10.2020

വിയർപ്പും ചൂടും മണക്കുന്ന 

കുപ്പായങ്ങളുള്ളവരാണ് ഞങ്ങളെന്നു എഴുതിയതും 

എനിക്കാപത്തു തോന്നി.

പൂച്ച മരിച്ചതിൻ്റെന്ന് 

അതിന്റെ രോമത്തിനു കട്ടികൂടി വരുന്നതും നോക്കി 

ഞാനൊറ്റ ഇരിപ്പിരുന്നതിൽ പിന്നെ ഇങ്ങനെയാണ്.

എനിക്ക്, ആപത്തുവരുന്നതറിയാം.

പാതിചത്ത അതിന്റെ കുട്ടികളെ കണ്ടപാട്

കൂട്ടില്ലാതെ നിന്നുപോയിടങ്ങളിൽ നിന്നെനിക്ക് കരച്ചില് കേട്ടു.

വലുതായി വരുന്ന കണ്ണുകൾ അടഞ്ഞു തുറക്കുന്നതിനിടെ 

ഇനിക്കുന്നൊരു ഉമിനീരിന്റെ പൊത

അവറ്റകളുടെ താടിയെല്ലുകളെ പൊതിഞ്ഞു.

എല്ലാർക്കും ഒറ്റ കുഴി വെട്ടിയിട്ട്, മഴ ചാറും മുന്നേ ഞാൻ വീട്ടിൽ കേറി.

കിടക്ക വിരിക്കുമ്പോ അമ്മച്ചി എന്നെ നോക്കി. 

"കൊച്ചുങ്ങളെ എന്ത് ചെയ്ത്"?

ഞാൻ ആണയിട്ട്, അവർക്കൊരുമ്മ കൊടുത്തു.

ചത്ത പൂച്ചയ്ക്കും ഒറ്റ ബുദ്ധി തോന്നിച്ച എനിക്കും നടുക്കായി 

അനങ്ങാതെ കെടന്നു

വിറയല് മാറാത്ത എന്റെ കൈ.


Friday, April 5, 2024

ഒരു പൂച്ച വെയില് കായുന്നത് സ്വപനം കണ്ട് 

ഞെരുക്കമുള്ള മുറിയിൽ 

വൃദ്ധൻ കിടന്നു;

അർത്ഥവിരാമം പോലെ 

കട്ടിലിലേക്ക് പതിഞ്ഞ്.

അയാളുണർന്നു; വേഗത്തിലല്ലാതെ തന്നെ.

ഒന്നുകൂടി കണ്ണടച്ചു.

അപ്പോഴും പൂച്ച വെയില് കായുന്നു!

സാവധാനം, സ്വന്തമായൊരു ലോകമുണ്ടാക്കുന്നപോലെ 

ആ ജന്തു, പ്രകാശത്തിനു നേരെ മുഖമുയർത്തി കണ്ണുകളടച്ച്  കിടക്കുന്നു;

ഭാരമില്ലാതെ.

അതങ്ങനെ 

അങ്ങനെ 

തുടർന്നു.

ഗുളികക്കുപ്പികൾ നിരയായി അടുക്കിവെച്ചിട്ടുള്ള 

തടിമേശയിലേക്ക് നോക്കിയതൊഴിച്ചാൽ 

കാഴ്ചയിൽ മറ്റ് തടസങ്ങൾ ഉണ്ടായിട്ടില്ല.

എങ്കിലും,

ഉണർച്ചയിൽ, നീണ്ട് കിടക്കുന്ന വാലുമായി 

പൂച്ച അതേപടി.

വൃദ്ധന് ചിരിവന്നു.

തനിക്കുമുന്നേ 

ഒച്ച കെട്ടികിടക്കുന്ന ആ വീട്ടിൽ മറ്റാരെങ്കിലും 

കഴിഞ്ഞിരുന്നോ?

അരം പറ്റിയ നാക്കുകൊണ്ട് 

അതാ മനുഷ്യൻറെ അസ്ഥികളിൽ തണുപ്പുണ്ടാക്കി.


വെളുക്കുമ്പോഴും

മരുന്ന് കുപ്പികൾക്കും 

പൂച്ചകൾക്കുമിടയിൽ 

കൺപീലി നനഞ്ഞ്  കിടന്നു,

വൃദ്ധൻ.

മൂന്നു നേർരേഖകൾ പോലെ.

Saturday, March 2, 2024

 


...അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക അഥവാ വേദനയുടെ സ്വചിത്രം അഥവാ മരവിപ്പിന്‍റെ ചലന മാതൃക...

Monday, October 30, 2023

ഒരു മിന്നാമിന്നിയെ 

പേഴ്സിൽ സൂക്ഷിച്ചിരിക്കുന്നെന്ന് 

നാളേറെ കഴിഞ്ഞ് ഞാനറിയുന്നു.

പകൽവെളിച്ചത്തിലാ ജീവിയെക്കാണുന്നതിന്   

ചേർച്ചയില്ലായ്മയുടെ ഒരു പകപ്പുണ്ട് .

പൊട്ടുവെളിച്ചത്തെ 

ഒരു ജന്തുശരീരമായി സ്ഥിരപ്പെടുത്തിയതിന്‍റെ അസ്വസ്ഥത.

അതിനു കണ്ണുകളുണ്ടായിരുന്നില്ല.

സ്വർണത്തിന്‍റെ മഞ്ഞയിൽ ചിറക്:

നേർത്തൊരു കണ്ണാടിക്കുപ്പായം പോലെ.

അതിനറ്റത്ത് , പരാചയപ്പെട്ടൊരു പിടുത്തം കണക്കെ 

കറുത്ത രണ്ടു പൊട്ടുകൾ.

ഞാൻ കാത്തിരുന്നു.


മിന്നുന്നേയില്ല, ജഡം.

മിന്നുന്നേയില്ല.

ജഡം.

Sunday, October 29, 2023


ഓർത്തതിൻ പക്ഷം.


 ഇടതുവശത്തായി കുഞ്ഞു കുത്തുകളുടെ ചതുരക്കളമുള്ള 

പാനസോണിക്കിൻറെ റേഡിയോ.

ഒറ്റഫ്രെയിമിൽ, ആ വസ്തുമാത്രമുള്ള 

ദൈർഖ്യമേറിയ 

സ്വപ്നം.

ഏറ്റവുമൊടുവിലത്തെ വാചകത്തിനായി 

കാത്തിരിക്കുന്ന തർക്കകാരിയെപ്പോലെ 

ഒരേ ദിശയിൽ ചിന്തിച്ചുകൊണ്ട് 

ഒരു കാഴ്ച.

കെട്ടിക്കിടക്കുന്നെങ്കിലും അതനങ്ങുന്നു.

വെള്ളമിറങ്ങിപ്പോയ നിലത്ത് 

ചെളിയുടെ മൂർച്ചയുള്ള മെഴുക്കു മണം

തിണർത്തു കിടക്കുന്നതോർമിച്ച്, 

പൂക്കളുടെ പ്രിന്റുള്ള, വിലകുറഞ്ഞ കിടക്കവിരിയിൽ 

ഉണർച്ചയിലേക്ക് ചരിഞ്ഞിരുന്നു.

തിരച്ചിലിൽ ക്രമമുള്ള കൈകൾക്ക് 

എത്തിയെടുക്കാൻ അകലത്തിൽ 

വെള്ളക്കുപ്പി.

ദാഹത്തിന്റെ വളഞ്ഞൊരിറക്കം,

വേഗത്തിൽ; താഴ്ച.

ജനാലയിൽക്കൂടി കാണുന്ന 

പരസ്യപ്പകയ്ക്കുമേലെ നിരന്നിരിക്കുന്ന കാക്കകൾ.

വരിവരിയായി നിർത്തിയിട്ടിരിക്കുന്ന 

സവാരിക്കുള്ള റിക്ഷകൾ.

ശബ്ദങ്ങൾ മൂടിയ പ്രതലം ചൂഴ്ന്ന് 

മറുവശത്തേയ്ക്കിഴയുന്ന സമയം.


കോളിംഗ് ബെല്ലടിക്കുന്നു.

ഉഷ്ണത്തിനെ പഴിപറഞ്ഞുകൊണ്ട് 

ഞങ്ങൾ രണ്ടാളും 

സംഭാഷണം തുടങ്ങുന്നു.

Friday, October 6, 2023

ബാധകൂടിയ വെയ്യുന്നേരം

മണ്ണെണ്ണ മണക്കണ തുടയില് 

വെളക്ക്ത്തിരി സാവധാനം ചുരുട്ടിയെടുക്കേരുന്നു അമ്മച്ചി.

പരസ്പരം മുഖം കാണാൻ വെട്ടം ഉള്ളപ്പോ 

'കൂടല്' ഉണ്ടാവില്ലെന്നാണ് വയ്പ്.

പക്ഷെ അന്നങ്ങനെ ഉണ്ടായി.

പേയ്ക്കില്ലാത്ത നിയമം കൂടിയതിനും വേണ്ട.

അമ്മച്ചി, എരിഞ്ഞു തീരാത്ത കനലിലേക്ക് 

കാലും നീട്ടി ഒറ്റ ഇരിപ്പ്,

പിന്നെ,

ശബ്ദം ഏറ്റി, പേപറഞ്ഞ് തുടങ്ങി.

യുദ്ധം വന്നപ്പോ തുണിയും, എണ്ണയും സർക്കാർ

റേഷൻ തന്നതും,

അപ്പൻ നാടുവിട്ടപ്പോ പറങ്കി മാവിൽ തൂങ്ങാൻ കേറിയതും വരെ 

എണ്ണിയെണ്ണി പറഞ്ഞ്.

"കാല് കത്തണില്ല" എനിക്കത്ഭുതം.

വെറക് കൊള്ളിപോലെ മെലിഞ്ഞ് എല്ലുന്തിയ 

കാലുകൾ അടുപ്പത്തിരുന്നു കായുന്നു.

"കുന്നത്തമ്മച്ചിക്ക് വീണ്ടും പേ കൂടി"

നാലുവാക്കീന്നും ആൾക്കാരോടിക്കൂടി

കിതപ്പിന്റെ ഒച്ചയിൽ മിറ്റം മുങ്ങി.

"ആണുങ്ങളില്ലാത്ത വീടായോണ്ടാണ്"

അമ്മ അവരെ ഒറ്റനോട്ടം നോക്കി .

"നാണു ദൈവങ്ങളെ ചോദിക്കണ്"

"മരിച്ചോരു വന്നിനി കരിക്കോതി കൊടുക്കോ"*, അമ്മ കരഞ്ഞു.

എങ്കിലും നാലഞ്ചാള് തെങ്ങിലേക്ക്  കയറി.

"വെച്ചേക്കണ മരച്ചീനി പന്നി കുത്തിപോവാതെ കിട്ടുവോ"

"അടുത്ത കുറി എന്റെ എളേദിന്  വീഴോ"?

ബാധയെ കൊണ്ട് ആൾകാർക്കോരോ കാര്യമുണ്ടായി.

തഞ്ചത്തിൽ, കനലിൽ കിടന്ന കാലിനു നൊന്തു.

ദാഹം മാറ്റി, തേനും പുരട്ടി, അമ്മച്ചിയെ പായിൽ കിടത്തി.

നാട്ടുകാർ പിരിഞ്ഞു പോയിട്ടേ ഞങ്ങളന്ന് കഞ്ഞി വെച്ചുള്ളു.

പിറ്റേന്ന് ഉറങ്ങി എണീറ്റ്,

കാലിൽ കുറച്ച് വെളിച്ചെണ്ണ തേച്ചിട്ട് 

അമ്മച്ചി ചന്തേല് പോയി.

"കരിക്ക് കൊടുത്താ ചൂര കിട്യാലാടീ"


*തീരാവ്യാധി വന്നാൽ ശ്രീനാരായണ ഗുരുവിനെ കാണാൻ പോകുമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.  ഗുരു കരിക്കിൻ വെള്ളം കൊടുത്താൽ മാറാത്ത വ്യാധിയില്ലെന്ന്  അവർ വിശ്വസിച്ചു പോന്നിരുന്നു.