പണികഴിഞ്ഞ് പതിവുപോലെ അമ്മ വെപ്രാളത്തിൽ നടന്നു.
"പുള്ളറ് വീട്ടില് കാത്തിരിക്കും"
കണ്ടോരോടൊക്കെ ഇങ്ങനെയും പറഞ്ഞിട്ട് .
മുറ്റം കടന്നാലുടനേ
അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയ കട്ടിയിലുള്ള പ്ലാസ്റ്റിക് കവറിൽനിന്നു
ചുമ്മാടെടുത്ത് സ്ഥിരം സ്ഥലത്ത് ഒതുക്കി വെക്കും.
അവർക്ക് ആ വസ്തു പ്രധാനപെട്ടതാണ്.
മഴ കൊള്ളാതെ, ആരും എടുത്തുമാറ്റാൻ സാധ്യതയില്ലാത്തിടത്ത്
ഏറ്റോം സൂക്ഷത്തിൽ അതുണ്ടാവും.
നേരെ കിണറ്റിൻകരയിൽ പോയി
അഴുക്കടിഞ്ഞ ചീപ്പുകൊണ്ട് ഉച്ചിയിലെ മണ്ണൊക്കെ കോതി,
കുളിച്ചുവന്ന് പാത്രം മെഴുക്കി,
തുണിയുണ്ടേ അതും അലക്കിയമ്മ
തറേo തൂത്ത്, അടുക്കളേക്കേറും.
എറേത്തിരുന്നു എനിക്ക് കാണാം.
ചോമടെടുത്ത് മുതുക് കൂനി
കഴുത്ത് മുന്നോട്ടു തള്ളി
ഒറ്റയ്കവിടെ അടുപ്പിന്റടുത്തൊരു നിപ്പുണ്ട്.
ഇടത്തേ കൈ കൊറച്ചു ചാഞ്ഞിട്ടാണ്.
ആരോടെന്നില്ലാതെ എല്ലാരോടും അമ്മ പറഞ്ഞു നടക്കും
"എറക്കി വച്ചാലും, ചുമ്മാടുള്ളപോലാണ്,
ഒരു കനം"
പെണ്ണ്ങ്ങള് കൂടിയിരിക്കുമ്പോ കളിയാക്കിപ്പറയും
"ചത്തിറ്റ് വന്നാലും ഇവളെ തലേല് ചുമ്മാട് കാണും".
കാര്യമാണ്, ഉണ്ടാരുന്നു.